തൃശൂർ: ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്.
ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ് നൗഫലിനെ(29) പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീല രണ്ടാമത് ഗർഭിണിയായതിന് പിന്നാലെ ഭർത്താവ് ദേഹോപദ്രവം ചെയ്യുന്നുണ്ടെന്ന് യുവതി ഉമ്മയ്ക്ക് വാട്സ്അപ് സന്ദേശം അയച്ചിരുന്നു. ഗർഭിണിയായിരുന്ന സമയത്ത് നൗഫൽ ഫസീലയെ ചവിട്ടിയിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.
ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് പത്ത് മാസം പ്രായമായ കുഞ്ഞുണ്ട്.